പത്തനംതിട്ട: തെരുവുനായ്ക്കളുടെ ശല്യം ഏറുന്ന പശ്ചാത്തലത്തിൽ എന്തു ചെയ്യാനാകുമെന്ന ചോദ്യവുമായി തദ്ദേശ സ്ഥാപനങ്ങൾ. നായ്ക്കളുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്നും പരാമർശം കൂടി വന്ന പശ്ചാത്തലത്തിൽ നിലവിലുള്ള നിയമങ്ങൾ ഉപയോഗപ്പെടുത്തി തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള പദ്ധതികൾ തേടുകയാണ് തദ്ദേശ സ്ഥാപനങ്ങളും. പുതുതായി ഭരണച്ചുമതലയേറ്റ തദ്ദേശ സ്ഥാപന അധ്യക്ഷർക്കു മുന്പിൽ പ്രധാന വെല്ലുവിളിയായി ഉയരുന്നതും തെരുവുനായ വിഷയം തന്നെയാണ്.
കഴിഞ്ഞ അഞ്ചുവർഷം ഭരണസമിതികൾക്കു പ്രധാന വെല്ലുവിളിയായി ഇതേ വിഷയം ഉണ്ടായിരുന്നു. എന്നാൽ കാര്യമായ ഒരു നടപടിയും സ്വീകരിക്കാനായില്ല. തെരുവുനായ്ക്കളെ പിടികൂടുന്നതിനായി പരിശീലനം ഉൾപ്പെടെ നൽകി ആളുകളെ നിയോഗിച്ചുവെങ്കിലും ഇവയുടെ വന്ധ്യംകരണം, പുനരധിവാസം നടപടികൾ തടസപ്പെട്ടു. തെരുവുനായ്ക്കൾക്ക് പേവിഷ ബാധ പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കിയത് ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങളിലാണ്. നായ്ക്കളെ പിടികൂടിയെങ്കിൽ മാത്രമേ ഇവയ്ക്കു കുത്തിവയ്പ് നൽകാനാകൂവെന്നതിനാൽ പല ഗ്രാമപഞ്ചായത്തുകളും പദ്ധതിയിൽ നിന്നു പിൻമാറി.
മാർഗങ്ങൾ പലത്
തെരുവുനായ്ക്കളുടെ ശല്യം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലുള്ള നിയമത്തിൽ ഇവയെ കൊല്ലാൻ വ്യവസ്ഥയില്ല. എന്നാൽ ഇവയുടെ വർധന തടയുന്നതിനും പേവിഷ ബാധ ഒഴിവാക്കാനുമുള്ള നിർദേശങ്ങളാണുള്ളത്. തെരുവുനായ്ക്കളുടെ വർധന തടയാനുള്ള പ്രധാന പദ്ധതിയാണ് എബിസി (ആനിമൽ ബർത്ത് കൺട്രോൾ). ഇതനുസരിച്ച് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുകയാണ് ചെയ്യേണ്ടത്.
പിന്നീടുള്ളത് തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുകയെന്നതാണ്. നായ്ക്കളെ പുനരധിവസിപ്പിക്കുകയെന്ന പദ്ധതിയും നടപ്പാക്കാനാകും. ഇത്തരം പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളാണ് നടപ്പാക്കേണ്ടത്. തെരുവുനായ്ക്കളെ പിടികൂടിയെങ്കിൽ മാത്രമേ എബിസിക്കു വിധേയമാക്കാനാകൂ. പ്രതിരോധ കുത്തിവയ്പിനും നായ്ക്കളെ പിടികൂടാൻ പരിശീലനം ലഭിച്ചവർ വേണം. നായ്ക്കളെ പിടികൂടുന്നതിലേക്ക് ജില്ലയിൽ പരിശീലനം ലഭിച്ചവരുണ്ട്. എന്നാൽ എബിസി പദ്ധതി പാളിയതോടെ ഇവരെ രംഗത്തിറക്കാനായില്ല.
തെരുവുനായ നിർമാർജനവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഫണ്ട് വിനിയോഗിക്കുന്നതിൽ സർക്കാരിൽ നിന്നും പ്രത്യേകാനുമതി വേണ്ടിവരുന്നുണ്ട്. പ്രതിരോധ കുത്തിവയ്പ അടക്കമുള്ള പദ്ധതികൾ ഇതുകാരണം പലയിടത്തും പാളിപ്പോകുകയായിരുന്നു.
എബിസി കേന്ദ്രം അനിശ്ചിതത്വത്തിൽ
തെരുവുനായ പ്രജനന പദ്ധതി കഴിഞ്ഞ ജില്ലാ പഞ്ചായത്ത് പ്രധാനമായി ഏറ്റെടുത്തവയിൽ ഒന്നായിരുന്നു. കൊച്ചുകുട്ടികൾ അടക്കം തെരുവുനായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ട സാഹചര്യത്തിൽ ജില്ലയിൽ എബിസി കേന്ദ്രം പ്രാവർത്തികമാക്കുമെന്ന പ്രഖ്യാപനം ജില്ലാ പഞ്ചായത്താണ് നടത്തിയത്. എബിസിക്കായി കേന്ദ്രീകൃതമായി ഒരു സംവിധാനം പുളിക്കീഴിലാണ് വിഭാവനം ചെയ്തത്.
പന്പാ റിവർ ഫാക്ടറി വക സ്ഥലത്തു മൃഗാശുപത്രിയോടു ചേർന്നാണ് എബിസിക്കായി കെട്ടിടം നിർമിച്ചുവന്നത്. കഴിഞ്ഞ ഭരണസമിതി പദ്ധതിക്കായി ഓരോ ബജറ്റിലും പണം വകയിരുത്തി. നേരത്തെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ ക്രമീകരണങ്ങളോടെ എബിസി കെട്ടിടം പണിയാൻ തീരുമാനിച്ചത്.
പദ്ധതിക്കായി കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയോളം നീക്കിവച്ചിരുന്നു. രണ്ടു നിലകളിലായി 2800 ചതുരശ്ര അടിയുള്ള കെട്ടിടം പണിയാനാണ് പദ്ധതിയിട്ടത്. കെട്ടിടം, അനുബന്ധ സംവിധാനങ്ങൾ, ചുറ്റുമതിൽ, ഷെൽറ്റർ എന്നിവ വിഭാവനം ചെയ്തു.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് കെട്ടിടം നിർമിക്കനുദ്ദേശിച്ചത്. ജില്ലയിൽ എവിടെനിന്നും പിടികൂടുന്ന നായ്ക്കളെ പുളിക്കീഴിൽ എത്തിച്ച് വന്ധ്യംകരിക്കുകയും നിശ്ചിതദിവസം പാർപ്പിച്ചശേഷം പിടികൂടിയ സ്ഥലത്തു തന്നെ എത്തിക്കുകയുമെന്നതായിരുന്നു പദ്ധതി. തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട എല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധമാണെങ്കിലും പണം മുടക്കണമെങ്കിൽ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമുണ്ട്. ഇത്തരത്തിലുള്ള അനുമതി ലഭ്യമാകാതെ വന്നതോടെ എബിസി കേന്ദ്രം നിർമാണം തടസപ്പെട്ടിരിക്കുകയാണ്.